ഉറപ്പ്‌



"ആരും കാണാതെ
കരയുകയാണോ?
ആരും കാണാതെ
കരഞ്ഞതിനൊക്കെ
എല്ലാവരും കാണ്‍കെ
അതിനുള്ള പ്രതിഫലം
നിങ്ങള്‍ക്ക് ലഭിച്ചിരിക്കും" 

പ്രതീക്ഷയുടെ തറയിലാണ്
ജീവിതം കെട്ടിപ്പടുക്കുന്നത്.
അദ്ധ്വാനം കൊണ്ട് 
ചുമരുകള്‍ഉയര്‍ത്തുമ്പോഴും
വിശ്വാസത്തിന്റെ മേല്‍ക്കൂര
തോരാതെ കാക്കുമെന്ന്ആശിക്കുന്നു.
കാറ്റും കോളും പ്രകൃതിസത്യമാണ്.
പക്ഷെ, അതില്ലാത്തൊരു ഭൂമിനമുക്കില്ലല്ലോ...
നശ്വരമാണെന്നറിഞ്ഞിട്ടും നാം
അനശ്വരമായ സ്വപ്‌നങ്ങള്‍ക്ക്‌
വളമിടുന്നു
.
മരണത്തോളം വലിയൊരു 
നിര്‍ദ്ദയനില്ലെന്നറിഞ്ഞിട്ടും
മരണത്തിന് ദാഹം തീര്‍ക്കാന്‍ 
നാമെത്ര ബന്ധങ്ങളെ
വീണ്ടും വീണ്ടും ഭൂമിയില്‍ മുളപ്പിക്കുന്നു... 
ആസ്തിവാരമില്ലാത്ത മണ്ണില്‍കെട്ടിയുയര്‍ത്തുന്ന 
രാജധാനിയാണ്ജീവിതമെന്ന് 
തോന്നുമ്പോഴൊക്കെ 
ഞാനെന്റെ യുക്തിയെ അറുത്തുകളയും
എന്റെ ശ്വാസത്തില്‍ ബന്ധിച്ച
ആശ്രിതരുടെ മുഖങ്ങളെ ഞാനോര്‍ക്കും...
സ്‌നേഹത്തോളം വലിയ സത്യവും
അതിനോളം യുക്തമായ 
ഒരര്‍ത്ഥവുംജീവിതത്തിനില്ല. 
ഉറപ്പ്.

⭐കവിത
ജാഫര്‍ സാദിക്ക്‌
Next Post Previous Post